ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽയാത്ര ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് പിണറായി വിജയൻ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കൂത്തുപറമ്പിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഇന്ന് ഉച്ചവരെ കണ്ണൂരിൽ തുടരും. ഉച്ചയ്ക്കുശേഷമുള്ള വന്ദേഭാരതിൽ എറണാകുളത്തേക്ക് തിരിക്കും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂരില്‍ നിന്ന് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടും മുൻപ്‌ റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഡ്രോണ്‍ പറത്തി പരിശോധന നടത്തും. വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളില്‍ പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.