ഏത് ബ്രാന്‍ഡ് മരുന്ന് രോഗിക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് ഡോക്ടറോ ഫാര്‍മസിസ്റ്റോ ?

ന്യൂഡൽഹി: ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം മരുന്ന് കുറിപ്പടികളിൽ ജനറിക് മരുന്നുകള്‍ നിർ‍ദേശിക്കണമെന്ന് ഡോക്ടർന്മാരോട് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ. തുടർച്ചയായി ബ്രാൻഡഡ് മരുന്നുകൾ നിർദേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ലൈസന്‍സ് താത്ക്കാലികമായി റദ്ദ് ചെയ്യുമെന്നും എന്‍എംസി.എന്‍എംസിയുടെ പുതിയ തീരുമാനത്തിനെതിരെ ഡോക്ടർമാർ രംഗത്തെത്തി.

മരുന്നുകളുടെ ബ്രാന്‍ഡിന് പകരം ജനറിക് പേരുകൾ ഉപയോ​ഗിക്കണം എന്നാണ് എന്‍എംസി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഉ​ദാഹരണത്തിന്, ‘ക്രോസിന്‍’എന്ന ബ്രാന്‍ഡിന് പകരം ജനറിക് പേരായ ‘പാരസെറ്റാമോള്‍’ എന്നെഴുതണം. ഈ സാഹചര്യത്തിൽ ഏത് ബ്രാന്‍ഡ് രോഗിക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഫാര്‍മസിസ്റ്റ് ആകും.പുതിയ നിയമപ്രകാരം, ഡോക്ടര്‍ നല്‍കുന്ന ജനറിക് മരുന്നുകളുടെ കുറിപ്പടിയുമായി രോഗി ഫാര്‍മസിയില്‍ എത്തുമ്പോള്‍ ഫാര്‍മസിസ്റ്റായിരിക്കും ഏത് ബ്രാന്‍ഡിലുള്ള മരുന്ന് നല്‍കണമെന്ന് തീരുമാനിക്കുക.

പാരസെറ്റമോള്‍ തന്നെ പത്തില്‍ അധികം ടോപ് സെല്ലിങ്ങ് ബ്രാന്‍ഡുകളിലും നൂറുകണക്കിന് ജനറിക് ബ്രാന്‍ഡുകളിലും ലഭ്യമാണെന്നിരിക്കെ എൻഎംസിയുടെ പുതിയ നിര്‍ദേശം ചികിത്സാരംഗത്ത് ആശങ്ക സൃഷ്ടിക്കുന്നു.ജനറിക് മരുന്ന് എന്ന് ഡോക്ടർ എഴുതിയാൽ ഏത് ബ്രാന്‍ഡ് വാങ്ങണമെന്ന കാര്യത്തില്‍ രോഗിക്ക് സംശയം ഉണ്ടാകും. ഫാര്‍മസിസ്റ്റുകളുടെ ഉപദേശം തേടുന്ന രോഗിക്ക് തങ്ങള്‍ക്ക് കൂടുതല്‍ ലാഭം നല്‍കുന്ന ബ്രാന്‍ഡ് ആയിരിക്കും ഫാര്‍മസിസ്റ്റ് നല്‍കുക.

”ഡോക്ടര്‍ ഒരു കുറിപ്പടി തയ്യാറാക്കുമ്പോള്‍ രോഗിയുടെ ആരോഗ്യവും രോഗമുക്തിയുമായിരിക്കും അവരുടെ ഉത്തരവാദിത്വം. എന്നാല്‍, ഫാര്‍മസിസ്റ്റിനെ അത് ഏല്‍പ്പിക്കുമ്പോള്‍ അത് അവരുടെ സൗകര്യത്തിന് അനുസരിച്ചായി മാറുന്നു. ഡോക്ടറില്‍ നിന്ന് ഫാര്‍മസിസ്റ്റിലേക്ക് ഉത്തരവാദിത്വം മാറുമ്പോള്‍ രോഗികള്‍ക്ക് ആരോഗ്യം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്യമം പരാജയപ്പെടുകയാണ്”,ന്യൂഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുമിത് റോയി അഭിപ്രായപ്പെട്ടു.

ഡോക്ടര്‍മാരോട് ബ്രാന്‍ഡഡ് മരുന്നുകള്‍ എഴുതരുതെന്ന് നിര്‍ദേശിക്കുന്നതിന് പകരം ഫാര്‍മസി കമ്പനികളോട് മരുന്നുകളുടെ പുറത്ത് ബ്രാന്‍ഡുകളുടെ പേരുകള്‍ എഴുതരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടണം.പ്രശ്‌നത്തിന്റെ മൂലകാരണം അതാണ്. നിയമത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ഫാര്‍മസി വ്യവസായത്തെ മൊത്തത്തില്‍ മാറ്റിമറിക്കുമെന്നിരിക്കെ എന്തിനാണ് അവര്‍ ഡോക്ടര്‍മാരുടെ മേല്‍ ഈ ബാധ്യത ചുമത്തുന്നത്.ന്യൂഡല്‍ഹി പിഎസ്ആര്‍ഐ ഹോസ്പിറ്റലിലെ ഡയറക്ടറും ബാരിയാട്രിക് ആന്‍ഡ് മെറ്റബോളിക് സര്‍ജറി വിഭാഗം തലവനുമായ ഡോ. സുമീത് ഷാ ചോദിച്ചു.

ഒട്ടേറെ ഡോക്ടര്‍മാര്‍ എന്‍എംസിയുടെ പുതിയ നിർദേശത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. റെയില്‍വെ ട്രാക്കില്ലാതെ ട്രെയിന്‍ ഓടിക്കുകയാണ് എന്‍എംസി ചെയ്യുന്നതെന്ന് ഐഎംഎ ആരോപിച്ചു.