പി കൃഷ്‌ണപിള്ള എന്നെ കമ്മ്യൂണിസ്റ്റാക്കി,നടനും ചലച്ചിത്ര അക്കാദ​മി വൈസ് ചെയർമാനുമായ പ്രേംകുമാർ

തിരുവനന്തപുരം : അഭിനയിച്ചു കഴിഞ്ഞാലും കഥാപാത്രത്തിന്റെ ഹാങ്‌ഓവർ കുറച്ചുകാലം നിലനിൽക്കുമെന്ന് പല അഭിനേതാക്കളും പറയാറുണ്ട്‌. എന്നാൽ, പി കൃഷ്‌ണപിള്ളയായി അഭിനയിച്ചതോടെ എന്റെ ജീവിതംതന്നെ മാറിമറഞ്ഞു.കോൺ​ഗ്രസ് കുടുംബത്തിൽ ജനിച്ച്‌ വളർന്ന ഞാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാ​ഗമായി,ദേശാഭിമാനിക്ക് കൊടുത്ത അഭിമുഖത്തിൽ നടനും ചലച്ചിത്ര അക്കാദ​മി വൈസ് ചെയർമാനുമായ പ്രേംകുമാർ പറഞ്ഞു.

പി കൃഷ്‌ണപിള്ളയുടെ ജീവിതം പ്രമേയമാക്കി പി എ ബക്കർ സംവിധാനംചെയ്‌ത “സഖാവ് വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ സിനിമയി‌‌ൽ കൃഷ്‌ണപിള്ളയായി അഭിനയിച്ചാണ്‌ പ്രേംകുമാർ സിനിമയിലെത്തുന്നത്‌. “സിനിമയിൽ ഒരു തുടക്കക്കാരന് കിട്ടാവുന്നതിൽ മികച്ച കഥാപാത്രമായിരുന്നു ഇതെന്ന്‌ പ്രേംകുമാർ പറയുന്നു. സിനിമയ്‌ക്കായി പി കൃഷ്‌ണപിള്ളയെകുറിച്ചും അന്നത്തെ കാലത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കി.

അദ്ദേഹത്തിന്റെ ജീവചരിത്രവും 
അദ്ദേഹം രചിച്ച ലേഖനങ്ങളും പലതവണ വായിച്ചു. ലഭ്യമായ വിവരങ്ങൾ മുഴുവൻ ശേഖരിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച്
 വിശദമായി ചോദിച്ചറിഞ്ഞു. ഇ എം എസ്, ഇ കെ നായനാർ, ടി കെ രാമകൃഷ്‌ണൻ, കെ ആർ ​ഗൗരിയമ്മ തുടങ്ങിയ നേതാക്കൾ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നു. സിനിമയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഈ വിവരങ്ങൾ വളരെയേറെ സഹായകമായി.

പി കൃഷ്‌ണപിള്ളയെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കൂടുതൽ അറിഞ്ഞതാണ് കമ്യൂണിസത്തിലേക്ക് എത്താനുള്ള കാരണം. വ്യക്തിജീവിതത്തിലെ നിലപാടുകളെയും ആശയങ്ങളെയും മാറ്റിയത് പി കൃഷ്‌ണപിള്ളയാണ്. സഖാവിന്റെ ജീവിതസമരകഥ എല്ലാവരിലും ആവേശം നിറയ്‌ക്കുന്നതാണെന്നും പ്രേംകുമാർ പറഞ്ഞു.

.