യഥാർത്ഥഎക്സ്പയറി ഡേറ്റിന് മുകളില്‍ പുതിയ ലേബല്‍, ഓട്‌സ് കഴിച്ച് ഭക്ഷ്യവിഷബാധ

ബംഗളൂരുവിലെ ഒരു പ്രശസ്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഓട്‌സ് കഴിച്ചതിനെത്തുടർന്ന് പാരപ്പ എന്ന 49കാരന് ഭക്ഷ്യവിഷബാധയുണ്ടായി. കടയ്‌ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ചികിത്സാച്ചെലവുള്‍പ്പടെയുള്ളവയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നല്‍കാന്‍ ബംഗളൂരു ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു.

925 രൂപയ്ക് ജയാനഗറിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പാരപ്പ ഹണി ഓട്‌സ് വാങ്ങി വീട്ടിലെത്തി ഓട്‌സ് കഴിച്ച പാരപ്പയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഓട്‌സിന്റെ പാക്കറ്റ് പരിശോധിച്ചപ്പോഴാണ് പഴകിയ ഓട്‌സാണ് തനിക്ക് ലഭിച്ചതെന്ന് പാരപ്പയ്ക്ക് മനസിലായത്. പാക്കറ്റിലെ യഥാർത്ഥഎക്സ്പയറി ഡേറ്റിന് മുകളില്‍ പുതിയ ലേബല്‍ ഒട്ടിച്ചിരിക്കുന്നതായും പാരപ്പയുടെ ശ്രദ്ധയില്‍പ്പെട്ടു.മോശം സേവനമാണ് പ്രസ്തുത സൂപ്പര്‍മാര്‍ക്കറ്റ് നൽകുന്നത് എന്നാരോപിച്ച് പാരപ്പ പരാതി ബംഗളൂരു ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പരാതി നൽകി.

പാക്കറ്റിന് മുകളിലെ യഥാര്‍ത്ഥ എക്സ്പയറി ലേബലിന് മുകളില്‍ മറ്റൊരു തീയതി അച്ചടിച്ചിട്ടുണ്ടെന്ന് കമ്മീഷന്റെ പരിശോധനയില്‍ തെളിഞ്ഞു.ഈ ഉല്‍പ്പന്നം വാങ്ങാനായി നല്‍കിയ 925 രൂപയും ചികിത്സച്ചെലവിലേക്കായി 5000 രൂപയും നിയമസഹായം തേടിയതുമായി ബന്ധപ്പെട്ട ചെലവിലേക്കായി 5000 രൂപയും സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പാരപ്പയ്ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് മോശം ഉല്‍പ്പന്നങ്ങള്‍, സേവനം, അന്യായമായ വിപണനം എന്നിവയ്‌ക്കെതിരെ എല്ലാ ഉപഭോക്താക്കള്‍ക്കും നിയമസഹായം തേടാവുന്നതാണ്.തങ്ങളുടെ അവകാശങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് മുന്നോട്ട് വരണമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.