പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ മാധ്യമപ്രവർത്തകയുടെ അസ്ഥികൂടം കണ്ടെത്തി

ഛത്തീസ് ഗാഡ് : അഞ്ചുവർഷം മുൻപ് കാണാതായ മാധ്യമപ്രവർത്തകയാണ് സൽമ സുൽത്താന. അന്വേഷണം തുടരുന്നതിനിടെയാണ് ഇവരുടേതെന്ന് കരുതുന്ന അസ്ഥികൂടം ഛത്തീസ്‌ഗഡിലെ കോർബ – ദാരി റോഡിൽ പോളിത്തീൻ ബാഗിൽ പൊതിഞ്ഞ നിലയിൽ ചൊവ്വാഴ്ച പോലീസ് കണ്ടെത്തിയത്.

2018 ഒക്ടോബർ 21ന് കുസ്‌മുണ്ടയിൽ നിന്ന് കോർബയിലേക്ക് ജോലിക്കായി പോയ സൽമ സുൽത്താന വീട്ടിൽ തിരികെ എത്തിയില്ല. യുവതിയെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

തീർപ്പാക്കാത്ത കേസുകൾ പരിശോധിക്കാനുള്ള ദാരി എസ്പി റോബിൻസൺ ഗുഡിയയുടെ തീരുമാന പ്രകാരം പോലീസ് സൽമ സുൽത്താനയുടെ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചു. കോർബയിലെ ഒരു ബാങ്കിൽ നിന്ന് സൽമ എടുത്തിരുന്ന ലോണിന്റെ പലിശ 2018വരെ ഒരു യുവാവ് തിരിച്ചടച്ചിരുന്നതായി കണ്ടെത്തി. 2019ന് ശേഷം വായ്പ തിരിച്ചടവ് മുടങ്ങി. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് സൽമയുമായി വഴക്കിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അന്വേഷണത്തിൽ സൽമയെ അഞ്ചുവർഷം മുൻപ് യുവാവ് കൊലപ്പെടുത്തുകയും മൃതദേഹം കോർബ – ദാരി റോഡിൽ കുഴിച്ചിട്ടതായും പോലീസ് കണ്ടെത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോർബ – ദാരി റോഡിന്റെ ഭൂമിശാസ്ത്രപരമായ ഘടനയിൽ മാറ്റമുണ്ടായി. ഒറ്റവരിപ്പാത നാലുവരി കോൺക്രീറ്റ് റോഡായി.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തിയത്.

പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാൻ സൽമയുടെ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.