69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5ന് ഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പുരസ്കാരം പ്രഖ്യാപിക്കും.

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ‘റോക്കട്രി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും വിവേക് അ​ഗ്നിഹോത്രി ഒരുക്കിയ കശ്മീർ ഫയൽസിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനാവാൻ മത്സര രംഗത്തുണ്ട്.

പുരസ്കാര പട്ടികയിൽ നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ എന്നീ മലയാള ചിത്രങ്ങൾ പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നായാട്ടിലെ അഭിനയത്തിന് മികച്ച നടനാകാനുള്ള മത്സരത്തിൽ ജോജു ജോർജ് ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണ റണൗട്ടും തമ്മിലാണ് മത്സരമെന്നാണ് വിവരങ്ങൾ. ഓസ്കർ നേടിയ രാജമൗലിയുടെ ‘ആര്‍ആർആര്‍’ ചിത്രത്തിലെ സംഗീതത്തിന് കീരവാണി മികച്ച സംഗീത സംവിധായകനുള്ള പട്ടികയിലുണ്ട്.

മികച്ച മലയാള ചിത്രത്തിനുള്ള അന്തിമ പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.കഴിഞ്ഞ 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ 8 അവാർഡുകൾ മലയാളം നേടിയിരുന്നു തമിഴ് ചിത്രം സൂരറൈ പോട്രിലൂടെ മികച്ച നടി അപർണ ബാലമുരളിയും മികച്ച സഹനടൻ ബിജു മേനോനും ഏറ്റുവാങ്ങി. . മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിയും സ്വന്തമാക്കിയിരുന്നു.