സ്വയം നിയമമാകാൻ ഇ.ഡി ശ്രമിക്കരുത്, സുപ്രീംകോടതി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇ.ഡി) കടുത്ത പരാമർശവുമായി സുപ്രീംകോടതി. ഇ.ഡിക്ക് സ്വയം നിയമമാകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.ഛത്തീസ് ഗഡ്‌ മദ്യ അഴിമതി കേസിലെ പ്രതികൾക്കെതി​​രെ നടപടിയുമായി നീങ്ങുന്നതിൽനിന്ന് ഇ.ഡിയെയും ഉത്തർപ്രദേശ് സർക്കാറിനെയും സുപ്രീം കോടതി വീണ്ടും വിലക്കി.

സുപ്രിംകോടതി വിലക്കിയിട്ടും ഇ.ഡി അന്വേഷണവുമായി മുന്നോട്ടുപോയെന്ന് കുറ്റാരോപിതർ കോടതിയെ അറിയിച്ചു. ഇ.ഡി അന്വേഷണം ജൂലൈ 19ന് സുപ്രീം കോടതി തടഞ്ഞ ശേഷവും ഉദ്യോഗസ്ഥർക്കെതിരെ യു.പി പൊലീസ് നടപടിയെടുത്തതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കേസിൽ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെയും മകൻ യാഷ് തുതേജയെയും അറസ്റ്റ് ചെയ്യുന്നതിനാണ് വിലക്ക്.ഇ.ഡിയുടെ നിർദേശപ്രകാരമാണ് പൊലീസ് നീക്കം. കോടതി നടപടി മറികടന്നാണ് ഇതെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു.