ന്യൂഡൽഹി :തെരഞ്ഞെടുപ്പ് നടത്താൻ വൈകിയതിനെ തുടർന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെ ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.വരാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങൾക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിക്കില്ല. സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കാത്ത ന്യൂട്രല്‍ അത്‌ലറ്റ് ’കളായി മത്സരിക്കേണ്ടതായി വരും.
‘എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് ഡബ്ല്യുഎഫ്ഐയെ സസ്പെന്‍ഡ് ചെയ്തതായി യുഡബ്ല്യുഡബ്ല്യു ബുധനാഴ്ച രാത്രി അഡ്ഹോക്ക് പാനലിനെ അറിയിച്ചതായി,” വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈ വര്‍ഷം ആദ്യം ഏപ്രില്‍ 27 നാണ് അഡ്-ഹോക്ക് പാനലിനെ നിയമിച്ചത്. നിശ്ചിത സമയപരിധിക്കുളളില്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് യുഡബ്ല്യുഡബ്ല്യു ഏപ്രില്‍ 28 ന് മുന്നറിയിപ്പും നൽകിയതായിരുന്നു.
ഡബ്ല്യുഎഫ്ഐ മേധാവിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പോക്‌സോ കേസ് ഉള്‍പ്പെടെ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യത്തേത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും രണ്ടാമത്തേത് പ്രായപൂര്‍ത്തിയായവരുടെ പരാതിയിലുമാണ് കേസെടുത്തത്.
ഡബ്ല്യുഎഫ്ഐ മെയ് 7 ന് തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കായിക മന്ത്രാലയം ഈ പ്രക്രിയ അസാധുവാക്കിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം തേടി വിവിധ സംസ്ഥാന യൂണിറ്റുകള്‍ കോടതിയെ സമീപിച്ചതോടെ തിരഞ്ഞെടുപ്പ് നീളുകയായിരുന്നു.