റോൾസ് റോയ്സ് ഫാന്റം 200 കി.മി വേഗതയിൽ പെട്രോൾ ടാങ്കർ ലോറിയിൽ ഇടിച്ച് ഡ്രൈവറും സഹായിയും മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ന്യൂ ഡൽഹി : 200 കി.മി വേഗതയിൽ ഓടിച്ച റോൾസ് റോയ്സ് ഫാന്റം കാർ പെട്രോൾ ടാങ്കർ ലോറിയിൽ ഇടിച്ച് ഡ്രൈവറും സഹായിയും മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റോൾസ് റോയ്സ് ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് രണ്ട് പേരുടെ ജീവൻ നഷ്ടമായ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കുബേർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലു അടക്കം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.വികാസ് മാലുവാണ് വാഹനം ഓടിച്ചിരുന്നത്.അമിതവേഗതയിലായിരുന്ന കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഹരിയാനയിലെ നുഹിലാണ് അപകടമുണ്ടായത്. 120 കി.മി വേഗപരിധിയുണ്ടായിരുന്ന എക്സ്പ്രസ്സ് ഹൈവേയിൽ വികാസ് മാലുവിന്റെ കാർ 200 കി.മി വേഗതിയിലാണ് ഓടിയതെന്ന് പൊലീസ് പറയുന്നു. അമിത വേഗതയിൽ ചീറിപ്പാഞ്ഞുവന്ന കാർ എതിർ ദിശയിലെത്തിയ പെട്രോൾ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൂന്ന് പേരാണ് ടാങ്കറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ടാങ്കർ ഡ്രൈവർ രാംപ്രീതും സഹായി കുൽദീപും ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.ആഡംബര കാറിന് മുന്നിലും പിന്നിലുമായി പതിനാല് കാറുകൾ അകമ്പടിയായി ഉണ്ടായിരുന്നു. നിരയായി സഞ്ചരിക്കുന്നതിനിടയിൽ വേഗത കൂട്ടി മുന്നിലുള്ള വാഹനത്തെ മറികടക്കുകയും യു-ടേൺ എടുക്കുകയായിരുന്ന ടാങ്കറിൽ ഇടിക്കുകയുമായിരുന്നു. അപകടം നടന്ന ഉടനെ പത്ത് കോടി വിലയുള്ള കാറിന് തീപിടിച്ചു. അകമ്പടി കാറുകൽ വന്നവർ അപകടത്തിൽപെട്ട റോൾസ് റോയ്സ് ഫാന്റം കാറിലുണ്ടായിരുന്നവരെ കയറ്റി സ്ഥലം വിട്ടെന്നാണ് ദൃക്‌സാക്ഷികളും പൊലീസും പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ വികാസ് മാലു ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ വികാസ് മാലുവിന് ഹരിയാന പൊലീസ് നോട്ടീസ് നൽകി. അശ്രദ്ധമായ ഡ്രൈവിങ്, കുറ്റകരമായ നരഹത്യ, അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.