യുവതിയെ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവിൽ പങ്കാളി തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ബേഗൂരിന് സമീപം ന്യൂ മികോ ലേ ഔട്ടിലാണ് കൊലപാതകമുണ്ടായത്.തിരുവനന്തപുരം സ്വദേശിനി ദേവ (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സംഭവദിവസം വീട്ടിൽ നിന്ന് ബഹളം കേട്ടതായി അയൽവാസികൾ പോലീസിന് മൊഴി നൽകി. പഠനകാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.യുവതിക്കൊപ്പം താമസിച്ചിരുന്ന വൈഷ്ണവ് യുവതിയെ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.ബേഗൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.