പൂർണ്ണഗർഭിണിയായ ഗീതുവിനെതിരെ തെറിവിളി നടത്തുന്ന കോൺഗ്രസ് രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും.ഡിവൈഎഫ്ഐ

തിരുവനന്തപുരം: പൂർണ്ണഗർഭിണിയായ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്‍റെ ഭാര്യ ഗീതുവിനെതിരെ തെറിവിളി നടത്തുന്ന കോൺഗ്രസ് രാഷ്ട്രീയം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.കോട്ടയം എസ്‌പിക്കു പരാതി നൽകിയതിനു പിന്നാലെ തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് ഗീതു ആരോപിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിനു വേണ്ടി ഭാര്യ ഗീതു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന ഒറ്റ കാരണത്താലാണ് ഇത്രയും നിന്ദ്യമായ ആക്രമണം നേരിടുന്നത്.   ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകരുതെന്നും 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചെന്നും കോൺഗ്രസുകാരായ സ്ത്രീകൾ ഉൾപ്പെടെ സൈബർ ആക്രമണം നടത്തിയത് കടുത്ത മനോവിഷമം ഉണ്ടാക്കിയതിനാലാണ് പരാതി നൽകിയതെന്നും ജെയ്ക്കിന്‍റെ ഭാര്യ ഗീതു പറഞ്ഞു.

പൂർണ്ണഗർഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോൺഗ്രസിന്‍റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും.

കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ സഹോദരി അച്ചു ഉമ്മൻ തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സെക്രട്ടറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.