പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദപ്രചാരണം

കോട്ടയം: പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ്  സ്ഥാനാർത്ഥികളുടെ ലക്ഷ്യം.ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ പോളിങ് ദിനമായ അഞ്ചാം തീയതി വൈകീട്ട് ആറു വരെയും, വോട്ടെണ്ണല്‍ ദിവസമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.

മണ്ഡലത്തിന്റെ പരിധിയില്‍ ഹോട്ടല്‍, ഭോജനശാലകള്‍, മറ്റേതെങ്കിലും കടകള്‍, പൊതു-സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യമോ സമാനമായ വസ്തുക്കളോ വില്‍ക്കാനോ, നല്‍കാനോ, വിതരണം ചെയ്യാനോ പാടില്ല.വ്യക്തികള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഈ കാലയളവില്‍ വെട്ടിക്കുറയ്ക്കും. ലൈസന്‍സില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്സൈസ് നിയമത്തിലെ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും.