ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരൻ കാശിനാഥന്റെ മൃതദേഹം കണ്ടെത്തി. കൊല്ലക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാ​ഗത്ത് ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെ ഇന്ന് രാവിലെ  കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്.

കരയംവട്ടത്ത് നിന്ന് വെൺമണിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.അപകടത്തിൽ കാശിനാഥന്റെ അമ്മ ആതിര എസ്.നായർ (31) മരിച്ചിരുന്നു. നാലംഗ കുടുംബം ഉൾപ്പെടെ അഞ്ച് പേരാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു– 43), മകൾ കീർത്തന (11), ഓട്ടോറിക്ഷ ഡ്രൈവർ സജു (45) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.