പ്രസിഡന്‍റ് ബൈഡന്‍റെ ഇന്ത്യാ സന്ദർശനത്തിന് തൊട്ടുമുമ്പ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

വാഷിങ്‌ടൺ : പ്രസിഡന്‍റ് ബൈഡന്‍റെ ഇന്ത്യാ സന്ദർശനത്തിന് തൊട്ടുമുമ്പ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച കോവിഡ് -19 ബാധിച്ചതായും കോവിഡിന്‍റെ നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും ആണ് റിപ്പോര്‍ട്ട്.ജിൽ ബൈഡൻ ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള അവരുടെ വസതിയിലാണ് ഇപ്പോഴുള്ളത്.

ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനനടത്തിയ പ്രസിഡന്‍റ് ജോ ബൈഡന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. G20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലേയ്ക്ക് തിരിക്കേണ്ട സാഹചര്യത്തില്‍ പ്രസിഡന്‍റിനെ പതിവായി പരിശോധിക്കുന്നത് തുടരുമെന്നും അദ്ദേഹം നിരീക്ഷണത്തിലായിരിയ്ക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ പിയറി പറഞ്ഞു.

2024-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്‍റെ തിരക്കിലാണ് ജോ ബൈഡൻ. രണ്ടാം ടേമിന് ശ്രമിക്കുന്ന ഏറ്റവും പ്രായം കൂടിയ സിറ്റിംഗ് പ്രസിഡന്‍റ് എന്ന നിലയിൽ, അദ്ദേഹത്തിന്‍റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിൽ നാല് വർഷം കൂടി അദ്ദേഹത്തിന് നൽകുന്നതിൽ ചില റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ ചുമതലകൾ നിറവേറ്റാൻ അദ്ദേഹം ശാരീരികമായും മാനസികമായും യോഗ്യനാണെന്ന് ബൈഡനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ, സൗത്ത് കരോലിനയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പ്രഥമ വനിതയ്ക്കും ജൂലൈയിൽ പ്രസിഡന്‍റ് ജോ ബൈഡനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.G20 ഉച്ചകോടിയില്‍ ജോ ബൈഡന് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഭാര്യ ജിൽ ബൈഡനു കോവിഡ് പോസിറ്റീവായെന്ന വാർത്ത പ്രസിഡന്‍റ് ബൈഡന്‍റെ വിദേശ യാത്രാ പദ്ധതികളിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയില്‍ എത്തിച്ചേരും. G20 ഉച്ചകോടിയ്ക്ക് ശേഷം ഞായറാഴ്ച അദ്ദേഹം ഹനോയിയിലേക്ക് പറക്കും.യുഎസ് സൈനിക വിമാനം ചൊവ്വാഴ്ച രാവിലെ ഇന്ത്യയിലെത്തിചേര്‍ന്നിട്ടുണ്ട്.