ലോകകപ്പ് യോഗ്യതാമത്സത്തിൽ 78 ആം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോൾ മെസിയുടെ കാലിൽ

ബ്യൂണസ് അയേർസ് : ലോകകപ്പ് ദക്ഷിണഅമേരിക്കൻ യോഗ്യതാ ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയ്ക്ക് ജയം.സൂപ്പർതാരം ലയണൽ മെസി ഇക്വഡോറിനെതിരായ മത്സരത്തിൽ അർജന്‍റീനയ്ക്കായി ഗോളടിച്ചു. ബ്യൂണസ് അയേർസിലെ റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തിലായിരുന്നു അർജന്‍റീനയും ഇക്വഡോറും ഏറ്റുമുട്ടിയത്.78 ആം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസിയാണ് അര്‍ജന്റീനയ്ക്കായി സ്കോർ ചെയ്തത്.

അർജന്‍റീനയുടെ ആധിപത്യത്തിലും ഗോൾരഹിതമായിരുന്ന ആദ്യ പകുതി പിന്നിട്ട് രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച അർജന്‍റീന മത്സരം അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ ഏക ഗോൾ പിറന്നു. ദക്ഷിണഅമേരിക്കൻ യോഗ്യതാമത്സരത്തിൽ അര്‍ജന്റീനയെക്കൂടാതെ ബ്രസീലും ഉറുഗ്വേയും ഉള്‍പ്പെടെ 10 ടീമുകളാണ് മത്സരിക്കുന്നത്. ആദ്യ ആറുസ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.

അടുത്ത ലോകകപ്പ് അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി 2026ൽ നടക്കും. മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിക്കുന്നുവെന്നതാണ് അടുത്ത ലോകകപ്പിന്‍റെ സവിശേഷത. ഇത്തവണ ലാറ്റിനമേരിക്കയിൽനിന്ന് ആറ് ടീമുകൾ നേരിട്ട് യോഗ്യത നേടും. നേരത്തെ ഇത് നാല് ആയിരുന്നു.