തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ,അഴിമതി കേസിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി

ബെംഗളൂരു : തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അഴിമതി കേസുകളിലാണ് നായിഡു അറസ്റ്റിലായിരിക്കുന്നത്. ആന്ധ്രയിലെ നന്ത്യാലിൽ നിന്നും ആന്ധ്ര പോലീസിന്റെ സിഐഡി വിഭാഗമാണ് ഇന്ന് പുലർച്ചെ നായിഡുവിനെ അറസ്റ്റ് ചെയ്തത്.

ഐപിസി വകുപ്പുകളായ 120 (ബി), 166, 167, 418, 420, 465, 468, 471, 409, 201, 109 r/w 34, 37, അഴിമതി നിരോധന നിയമം സെക്ഷൻ 12, 13 (2) r/w 13(1) (സി), (ഡി) എന്നിവ പ്രകാരം ആന്ധ്ര പ്രദേശ് മാനവവിഭവശേഷി പദ്ധതി അഴിമതിക്കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. നായിഡുവിന്റെ മകൻ നാരാ ലോകേഷും പോലീസ് കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ അറസ്റ്റിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നന്ത്യാൽ പോലീസ് ഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് നായിഡുവിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു., അറസ്റ്റിനെത്തിയ പോലീസും ലോകേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. സംഭവമറിഞ്ഞ്, നിരവധി ടിഡിപി പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.ടിഡിപിയുടെ യൂട്യൂബ് ചാനലിന്റെ സംപ്രേഷണവും പോലീസ് തടഞ്ഞിട്ടുണ്ട്.