സനാതന ധര്‍മ്മ വിവാദം ചര്‍ച്ചയാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിൻറെ അഴിമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ,തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ : സനാതന ധര്‍മ്മ വിവാദം ദിവസവും ചര്‍ച്ചയാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കത്തിപ്പടരുന്ന സനാതന ധര്‍മ്മ വിവാദം വിട്ട് കേന്ദ്രത്തിന്റെ അഴിമതിയ്‌ക്കെതിരെ നിലകൊള്ളുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സനാതന ധര്‍മ്മത്തെ സംരക്ഷിക്കണമെന്ന് പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് ഈ വിവാദത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വാക്കുകളെന്നും സ്റ്റാലിന്‍ പറഞ്ഞു.

അഴിമതിയും സ്വേച്ഛ്യാധിപത്യവും നിറഞ്ഞ ബിജെപി ഭരണത്തെ പരാജയപ്പെടുത്തി രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്ന ലക്ഷ്യം നേടിയെടുക്കാന്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും. അതില്‍ വീഴരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ മിടുക്കരാണ് ബിജെപി നേതാക്കള്‍.

ദ്വാരക എക്‌സ്പ്രസ് വേ തുടങ്ങിയ പദ്ധതികളില്‍ 7.50 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് ഇക്കാര്യം തുറന്നുകാട്ടിയിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.സ്വന്തം പരാജയം മറച്ചുപിടിക്കാനുള്ള ബിജെപിയുടെ ഇത്തരം തന്ത്രങ്ങള്‍ക്കിരയാകരുത് നമ്മുടെ ജനങ്ങളെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.