അരിക്കൊമ്പൻ സഞ്ചാരം തുടരുന്നു,രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന മഞ്ചോല എസ്റ്റേറ്റിലെത്തി

ചെന്നൈ: അരിക്കൊമ്പൻ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന തമിഴ്നാട്ടിലെ മഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ കഴിഞ്ഞ ദിവസം എത്തിയത്. തുറന്നുവിട്ട സ്ഥലത്തുനിന്ന് കഴിഞ്ഞ ഒരാഴ്ചകൊണ്ട് 25 കിലോമീറ്റർ സഞ്ചരിച്ചാണ് അരിക്കൊമ്പൻ ഇവിടെ എത്തിയത്.

അരിക്കൊമ്പൻ മറ്റ് ആനക്കൂട്ടവുമായി ചേർന്നതായും ആരോഗ്യം വീണ്ടെടുത്തതായും തമിഴ്നാട് വനംവകുപ്പ് മുൻപ് അറിയിച്ചിരുന്നെങ്കിലും ഇടയ്ക്ക് കൂട്ടം വിട്ട് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് പതിവാണ്.സംരക്ഷിത മേഖലയയായ കുതിരവട്ടിയിലാണ് അരിക്കൊമ്പൻ നിലവിലുള്ളതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.ചിന്നകനാൽ പ്രദേശത്തെ റേഷൻ കടകളും വീടുകളും പലചരക്കുകടകളും പതിവായി തകർത്ത് അരിയെടുക്കുന്നതിനാലാണ് ആനയ്ക്ക് അരിക്കൊമ്പൻ എന്ന പേരു ലഭിച്ചത്.

അക്രമണകാരിയായ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ പന്ത്രണ്ടിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അരിക്കൊമ്പൻ സഞ്ചരിക്കുന്നത് തുടരുകയാണെങ്കിലും കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായതിനാൽ ഈ പാതയിലൂടെ സഞ്ചരിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.