കനേഡിയൻ പൗരനായ ഖലിസ്ഥാനി നേതാവിന്റെ കൊലപാതകം,ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ന്യൂ ഡൽഹി : ഖലിസ്ഥാനി സംഘടനയായ ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുമായി വ്യാപാര ബന്ധം നിർത്തിവെച്ച കാനഡ ഇപ്പോൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി.കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് ബന്ധമുണ്ടോയെന്ന് കഴിഞ്ഞ കുറച്ച ആഴ്ചകളായി കാനേഡിയൻ സുരക്ഷ ഏജൻസികൾ പരിശോധിച്ച് വരികയാണ്:

ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ വെച്ച് ഹർദീപ് സിങ് വെടിയേറ്റ് മരിച്ചത്.ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാറിനെ പുറത്താക്കുന്നതായി കാനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. ഇക്കാര്യം കാനഡ അമേരിക്കയെ ധരിപ്പിക്കുകയും ചെയ്തു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ ആരോപിച്ചിരുന്നു.

ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമെന്ന നിലയിൽ അസ്വീകാര്യമാണ്. ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ  പറഞ്ഞു .