നിപ, ഇന്നുമുതൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറക്കാൻ പാടില്ല, എല്ലാ ക്ലാസുകളും ഓൺലൈൻ വഴി.കോഴിക്കോട് ജില്ല കലക്ടർ

കോഴിക്കോട് : നിപ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്നുമുതൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറക്കരുതെന്നും   ഇന്ന് സെപ്റ്റംബർ 18 മുതൽ 23-ാം തീയതി വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസുകൾ ഓൺലൈൻ വഴിയാക്കണമെന്നും  ജില്ല കലക്ടർ എ ഗീത നിർദേശിച്ചു. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ, അങ്കണവാടി, മദ്രസകൾ എന്നിവയുൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.

കോച്ചിങ്, ട്യൂഷൻ സെന്ററുകളുടെ ക്സാസുകൾ ഓൺലൈനിലൂടെ തന്നെയാകണമെന്നും ഒരു കാരണവശാലും വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുത്താൻ പാടില്ലെന്നും ജില്ല കലക്ടർ കർശനമായി പറഞ്ഞു. ജില്ലയിൽ പരീക്ഷകൾ മാറ്റിവെക്കുന്നത് സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു,തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും പൂനെ എൻ.ഐ.വി.യുടെയും മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്.

നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ.