തിരുവനന്തപുരം: നിപ പ്രധാന പ്രശ്നമാണ്. പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരികയാണ്.നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിപയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടുകൂടിയുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതില്‍ എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുന്നതിനും മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയെ പൊതുവില്‍ പ്രത്യേകം അഭിനന്ദിക്കുന്നു.മുഖ്യമന്ത്രി പറഞ്ഞു.
നിപ ഭീഷണി ഒഴിഞ്ഞുപോയതായി പറയാനാവില്ല. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതരായവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. കോഴിക്കോട് ജില്ലയിലും സമീപത്തെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ 276 പേര്‍ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യ പ്രവര്‍ത്തകരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. 6 പേരുടെ ഫലമാണ് ഇതില്‍ പോസിറ്റീവ് ആയിട്ടുള്ളത്.