ക്ഷേത്രത്തിലെ ശുദ്ധം തീർത്തും ആത്മീയമാണ്, ജാതി നോക്കി വിവേചനമല്ല’; അഖില കേരള തന്ത്രി സമാജം

ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം.ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി.

ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളതെന്നും പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ലെന്ന് തന്ത്രി സമാജം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അന്നു തന്നെ മന്ത്രി അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും അത് അവിടെ അവസാനിക്കുകയും ചെയ്തിരുന്നുവെന്നും അതേ വിഷയം എട്ട് മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സമാജം പറഞ്ഞു.