മുസ്ലീമീന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും ജയിക്കുന്നു’: മന്ത്രി സജി ചെറിയാൻ

മലപ്പുറം: സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുക്കളും മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീങ്ങളുമാണ് ജയിക്കുന്നതെന്നും രാജ്യത്ത് പുരോഗമന പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അതിശക്തമായ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പെരിന്തല്‍മണ്ണയില്‍ പാലക്കീഴ് നാരായണന്റെ പേരില്‍ നിർമിച്ച ഹാള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട്  സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

രാജ്യത്ത് ഇത്ര ഭയത്തോടെ ജീവിക്കേണ്ട കാലം മുന്‍പ് ഉണ്ടായിട്ടില്ല.ജാതിവിഭജനം നടക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഒരക്ഷരം മിണ്ടാന്‍ കഴിയാത്തത്. എല്ലാ സേഫ് ആണെന്ന് കരുതരുത്. എല്ലാം സുരക്ഷിതമാണെന്ന് കരുതി പുരോഗമനം പറഞ്ഞാലൊന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. ജാതിവിഭജനം അതിശക്തമായി നടക്കുകയാണ്.

കാസർഗോഡ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കണക്ക് ഞാന്‍ എടുത്തപ്പോള്‍ മുസ്ലീമീന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും ഹിന്ദുവിന് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവുമാണ് ജയിച്ചിട്ടുള്ളത്. അവിടെ ഇടതുപക്ഷക്കാരനും കോണ്‍ഗ്രസുകാരനും ജയിച്ചിട്ടില്ലെന്നത് ഓര്‍ത്തോണം. ഇന്ന് രാവിലെ ഞാന്‍ പോയ മുനിസിപ്പാലിറ്റിയില്‍ ഹിന്ദുവിന് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും മുസ്ലീമിന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമുമാണ് ജയിച്ചത്.

ഈ രാജ്യത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ അറ്റുപോകുന്ന കാലം വിദൂരമല്ല. അതിനായി അതിശക്തമായ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരണം. അതാണ് പുരോഗമന രാഷ്ട്രീയം. പുരോഗമനാശയങ്ങള്‍ക്കായി നമ്മളെല്ലാം പരിശ്രമിക്കേണ്ടതുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.