ആര്യന്മാർ യഥാർത്ഥത്തിൽ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നവരൊ ?

ആര്യന്മാർ യഥാർത്ഥത്തിൽ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നവരൊ ? ഒരു ചരിത്രത്തെയും നമുക്ക് തിരുത്തി കുറിക്കാനോ മാറ്റി നമ്മുടെ സൗകര്യത്തിനുമായി പുനർനിർമ്മിക്കാനോ കഴിഞ്ഞുപോയ കാലങ്ങളിലേക്ക് തിരിച്ചു പോകാനോ കഴിയില്ല എന്ന ഒരു യാഥാർത്ഥ്യം ചരിത്ര വിദ്യാർത്ഥികളുടെ ഏറ്റവും പ്രാഥമികമായ പാഠമാണ്.

ആര്യൻ അധിനിവേശത്തെ പറ്റി പറയുമ്പോൾ ഏതോ അന്യഗ്രഹത്തിൽ നിന്നും വന്നിറങ്ങിയ ഒരു കൂട്ടം ആൾക്കാർ ഒരുകാലത്ത് ഭാരതത്തിൽ എത്തി എന്ന നിലയിലുള്ള ഒരു ഭയപ്പാടും പരിഭ്രമവുമാണ് ചില നവ ചരിത്രകാരന്മാരുടെ മനസ്സിൽ ഉടലെടുക്കുന്നത്. മധ്യേഷ്യയിൽ നിന്നും കാലികളെയും മേയിച്ചു പുതിയ മേച്ചിൽപുറങ്ങൾ തേടി ഒരു ജീവിതം മാർഗം തിരഞ്ഞ് ഇന്ത്യയുടെ സമതലങ്ങളിലേക്ക് സ്വന്തം വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും ഒക്കെയായി കടന്നുവന്ന ഒരു വിഭാഗം ഇടയന്മാരായിരുന്നു ആര്യന്മാർ.

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ഉള്ള ആൾക്കാരുടെ ശാരീരിക പ്രകൃതിയും ജനറ്റിക്കൽ ആയിട്ടുള്ള DNA പഠനങ്ങളും ചരിത്രപരമായ വിലയിരുത്തലുകളും ഈ വസ്തുതകൾ ശരി വച്ചിട്ടുണ്ട്. അവരുടെ വംശീയമായ പാരമ്പര്യം ഇറാൻ ഇറാക്ക് ഇന്നത്തെ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നല്ല വിഭാഗം ജനങ്ങൾക്കും ബാധകമാണ്.. മറ്റൊരു മതവിശ്വാസത്തിന്റെ ആൾക്കാരാണെങ്കിൽ പോലും അവരുടെ ജനറ്റിക്കൽ ഡിഎൻഎ ആര്യന്മാരുടെതാണ്.

അന്നത്തെ കാലഘട്ടങ്ങളിൽ ഒരു ജീവിത മാർഗം തേടി ലോകത്തിന്റെ മറുഭാഗങ്ങളിലേക്ക് ജനങ്ങൾ കുടിയേറുന്നത് ഒരു സാധാരണ സംഭവമായിരുന്നു. 15..16ആം നൂറ്റാണ്ടുകളിൽ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ കണ്ടുപിടിത്തത്തിന് ശേഷം ലക്ഷക്കണക്കിന് യൂറോപ്യന്മാർ ആ നാടുകളിലേക്ക് കുടിയേറി പാർക്കുകയും ഇന്ന് കാണുന്ന അമേരിക്കൻ നാടുകൾക്കും സംസ്കാരത്തിനും അടിത്തറ പാകുകയും ചെയ്തു.. അതുപോലെ തന്നെ ആസ്ട്രേലിയയിലേക്ക് ദക്ഷിണാഫ്രിക്കയിലേക്ക് ന്യൂസിലാൻഡിലേക്ക് ഒക്കെ യൂറോപ്യൻ വംശജർ പുതിയ ശാദ്വല ഭൂമികൾ തേടി കൂടിയേറിയത്.

മനുഷ്യന്റെ സാമൂഹിക ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.. ഇതൊന്നും മനുഷ്യ സംസ്കാരത്തിന്റെ കാര്യങ്ങളിൽ അത്ഭുതകരമായ മാറ്റങ്ങളോ അംഗീകരിക്കാൻ പറ്റാത്ത രീതിയിലുള്ള അബദ്ധങ്ങളോ ഒന്നുമല്ല.പക്ഷേ നമ്മുടെ നവചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും ഒക്കെ കൂടിച്ചേരൽ ഒന്നും അംഗീകരിച്ചു കൊടുക്കാവുന്ന വിഷയങ്ങൾ ഒന്നുമല്ല. ആര്യ വംശം ഇന്ത്യയിൽ തന്നെ ജനിച്ചു വളർന്നു വികസിച്ച ഒരു ജനസമൂഹമാണ് എന്ന പുതിയ ചരിത്രനിർമ്മിതിക്ക് വേണ്ടി പുതിയ സാഹചര്യങ്ങളും കഥകളും തെളിവുകളും ഒക്കെ നിർമ്മിച്ചെടുക്കയാണ്.

മനുഷ്യ സംസ്കൃതിയുടെയും വളർച്ചയുടെയും ചരിത്രം പോലും മനുഷ്യരിൽ ഉള്ള പല വിഭാഗങ്ങളുടെ ഇത്തരം സംഗമങ്ങളും കൂടിച്ചേരലുകളും കലരുകളും മാത്രമാണ്രു.ഈ യാഥാർഥ്യം അംഗീകരിച്ചാൽ പിന്നീട് വന്ന അധിനിവേശങ്ങളോടൊപ്പം ആര്യന്മാരുടെ അധിനിവേശത്തെയും ചേർത്തു വായിക്കേണ്ടിവരും എന്ന ഒരു ചരിത്രഭീതിയാണ് ഇതിന് പിന്നിൽ.. സനാതന മതം പുറത്തുനിന്നും വന്നതാണ് എന്ന് ഒരു യാഥാർത്ഥ്യം അംഗീകരിക്കാനുള്ള മടിയാണിത്.

പക്ഷേ ഒരു ചരിത്രത്തെയും നമുക്ക് തിരുത്തി കുറിക്കാനോ മാറ്റി നമ്മുടെ സൗകര്യത്തിനുമായി പുനർനിർമ്മിക്കാനോ കഴിഞ്ഞുപോയ കാലങ്ങളിലേക്ക് തിരിച്ചു പോകാനോ കഴിയില്ല എന്ന ഒരു യാഥാർത്ഥ്യം ചരിത്ര വിദ്യാർത്ഥികളുടെ ഏറ്റവും പ്രാഥമികമായ പാഠമാണ്.അത് മനസ്സിലാക്കുക.. ഇത്തരം അവകാശങ്ങൾ ഒന്നും കൂടാതെ തന്നെ നമ്മുടെ ഹൈന്ദവ സംസ്കാരത്തിന് അതിന്റേതായ മഹത്തരമായ ഒരു സംസ്കൃതിയും നിലപാടുമുണ്ട്.. നമ്മുടെ മഹാകാവ്യങ്ങൾ, വേദ ഗ്രന്ഥ ങ്ങൾ,നമ്മുടെ സംഗീതം,നമ്മുടെ നൃത്ത നൃത്യങ്ങൾ നമ്മുടെ ശില്പ കല, നമ്മുടെ ആഹാരവൈവിധ്യങ്ങൾ, ആയിര കണക്കിന് കലാരൂപങ്ങൾ ആയുർവേദം,യോഗ അങ്ങനെ നമുക്ക് ഉയർത്തി കാണിക്കാൻ എത്രയോ മഹത്തായ കാര്യങ്ങൾ ഉണ്ട്.

അതിനിടയിൽ അധിനിവേശ കഥകളും ഒക്കെയായി ചരിത്രത്തെ കൊഞ്ഞനം കുത്തണ്ട കാര്യമുണ്ടോ എന്ന് ഈ നാടിനെ സ്നേഹിക്കുന്ന ആരും ആഗ്രഹിച്ചു പോകും.

ലേഖകൻ നഹാസ് പാഷ