കെ.ജി ജോര്‍ജിന്‍റെ നിര്യാണത്തില്‍ തെറ്റായി പ്രതികരിച്ച കെ.സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് കെ.സുരേന്ദ്രന്‍

സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ നിര്യാണത്തില്‍ ചാനലിൽ നടത്തിയ പ്രതികരണത്തില്‍ സംഭവിച്ച പിഴവിന്‍റെ പേരില്‍ കെ.സുധാകരനെ പരിഹസിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.ആരാണ് മരണപ്പെട്ടതെന്നുപോലും അറിയാതെ അദ്ദേഹത്തിനറിയാവുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് മരണപ്പെട്ടതെന്ന ബോധ്യത്തിൽ ചിലതു പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

പിശകു മനസ്സിലാക്കിയ മാധ്യമപ്രവർത്തകർ അപ്പോൾ തന്നെ അഭിമുഖം കട്ടുചെയ്ത് ഈ ദുരന്തസാഹചര്യം ഒഴിവാക്കണമായിരുന്നു. അതുണ്ടായില്ലെന്നത് അങ്ങേയറ്റം നെറികേടായിപ്പോയി. മനുഷ്യസഹജമായ ഒരു പിഴവിനെ സൈബർ കഴുകന്മാർക്ക് വേട്ടയാടാനായി പലയാവർത്തി പ്രദർശിപ്പിച്ച മാധ്യമപ്രവൃത്തി ഒരു തരത്തിലും യോജിക്കാനാവുന്നതല്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഒരു തരിമ്പുപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഈ അടുത്ത കാലത്തായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയാത്തവരല്ല മാധ്യമപ്രവർത്ത കരാരും.78 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവാണ് കെ. സുധാകരൻ.മാധ്യമങ്ങളെക്കാള്‍ വലിയ ക്രൂരതയാണ് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സുധാകരനോട് കാണിച്ചത്. കടുത്ത രാഷ്ട്രീയ എതിരാളിയായ തനിക്കടക്കം ഇതെല്ലാം കാണുന്ന ഏതൊരാൾക്കും സുധാകരനോട് സത്യത്തിൽ സഹാനുഭൂതി മാത്രമാണ് തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.