വടക്കാഞ്ചേരി നഗരസഭാ സിപിഎം കൗണ്‍സിലർ പി.ആർ. അരവിന്ദാക്ഷനെ ED കസ്റ്റഡിയിലെടുത്തു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍. വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്.

മുന്‍ മന്ത്രിയും എംഎല്‍എയമായ എ സി മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യംചെയ്തിരുന്നു.വടക്കാഞ്ചേരിയിൽ എ സി മൊയ്തീന്റെ വിശ്വസ്തനാണ് പി ആര്‍ അരവിന്ദാക്ഷന്‍.ചോദ്യംചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു.