ഓണം ബമ്പർ,തമിഴ്‌നാട്ടിൽ വിറ്റ ടിക്കറ്റിന്, കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്ന് നിയമം

തിരുവനന്തപുരം : ഓണം ബമ്പറടിച്ചത് തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന് തമിഴ്‌നാട് സ്വദേശി മുഖ്യമന്ത്രിക്ക് പരാതി നൽകി. ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയാണ് പരാതിയുമായി രംഗത്തെത്തിയത്. കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്നാണ് നിയമമെന്നും ഓണം ബമ്പറടിച്ചവർക്ക് സമ്മാനത്തുക നൽകരുതെന്നും പരാതിയില്‍ പറയുന്നു.

കോഴിക്കോട്ടെ ബാവ ഏജൻസിയില്‍ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത ടിക്കറ്റ് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലാണ് വിറ്റതെന്നും അതിനാല്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ലോട്ടറി ഡയറക്ടറേറ്റിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് പാളയത്തെ ബാവ ഏജൻസിയില്‍ നിന്ന് പോയ ടി ഇ 230662 ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. തിരുപ്പൂര്‍ പെരുമാനെല്ലൂര്‍ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂര്‍ അണ്ണൂര്‍ സ്വദേശികളായ സ്വാമിനാഥൻ (40), രാമസ്വാമി (42) എന്നിവര്‍ ചേര്‍ന്നാണ് ലോട്ടറിയെടുത്തത്.

സമ്മാനം നേടിയവരെക്കുറിച്ച്‌ അന്വേഷിക്കാൻ ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ സമ്മാനത്തുക നൽകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.