നിയമസഭാ സ്പീക്കറുടെ ഗാന്ധിജയന്തിദിന സന്ദേശം

തിരുവനന്തപുരം :  തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല. “സൗമ്യമായ രീതിയിൽ നിങ്ങൾക്ക് ലോകത്തെ പിടിച്ചു കുലുക്കാം” എന്നദ്ദേഹം പറഞ്ഞതിന് ഏറ്റവും മികച്ച ഉദാഹരണം അദ്ദേഹം തന്നെയാണല്ലോ. ലോകം തന്നെ ആദരിക്കുന്ന ചരിത്ര പുരുഷനെ നിരന്തരം സ്മരിക്കുക എന്നതാണ് ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിരോധങ്ങളിൽ ഒന്ന് എന്ന് പറയേണ്ടിയിരിക്കുന്നു.

ഇങ്ങനെ ഒരു മനുഷ്യൻ ഇന്ത്യയിൽ ജനിച്ച്, ഇന്ത്യയ്ക്കായി ജീവിതം സമർപ്പിച്ച്, നമുക്ക് കാലൂന്നി നിൽക്കാനുള്ള നമ്മുടെ മണ്ണിനായുള്ള അനേകരുടെ പോരാട്ടത്തെ നയിച്ചിരുന്നു. വർഗ്ഗീയവാദികളാൽ ഗാന്ധി വധിക്കപ്പെടുകയായിരുന്നു എന്ന് വരും തലമുറകളോട് സംശയലേശമന്യേ പറഞ്ഞുറപ്പിക്കുകയാണ് ഇന്ന് അദ്ദേഹത്തിന് അർപ്പിക്കാവുന്ന സ്മൃതിപുഷ്പങ്ങൾ .