ഭൂമിതർക്കം,രണ്ട് കുടുംബങ്ങൾ പരസ്പരം വെടിയുതിർത്തു. ആറുപേർ കൊല്ലപ്പെട്ടു

ലഖ്‌നൗ : ഉത്തർ പ്രദേശിലെ ദിയോറിയയിൽ ഭൂമി തർക്കത്തെ തുടർന്ന് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിലും സംഘർഷത്തിലും ആറുപേർ കൊല്ലപ്പെട്ടു. ഒട്ടനവധിപേർക്ക് പരിക്കേറ്റു. ദിയോറിയ ജില്ലയിലെ രുദ്രാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫത്തേഹ്പൂർ ഗ്രാമത്തിലാണ് സംഭവം.

ഏറെ നാളായുള്ള ഭൂമിതർക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള വെടിവയ്പ്പിലും സംഘർഷത്തിലും കലാശിച്ചത്.തോക്കുകളും മൂർച്ചയേറിയ ആയുധങ്ങളുമായി ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. രാവിലെ ഏഴുമണിയോടെയുണ്ടായ സംഘർഷത്തിൽ ഒരു മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഉൾപ്പെടുന്നു. ഏറെ നാളായി ഭൂമിയെ ചൊല്ലി തർക്കം നിലനിൽക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്തംഗമായിരുന്ന പ്രേം യാദവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ എതിർ ചേരിയിലെ സത്യ പ്രകാശ് ദൂബെ എന്നയാളെ മറുവിഭാഗം ആക്രമിച്ചു തല്ലിക്കൊല്ലുകയായിരുന്നു.