കണ്ണൂർ സ്‌ക്വാഡ് പോലീസുകാർക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രം,ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമം​ഗങ്ങൾ

കൊച്ചി : മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ ഗംഭീരം; പ്രശംസിച്ച് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമം​ഗങ്ങൾ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് വൻ വിജയമായി പ്രദർശനം തുടരുന്നു.ചിത്രം കാണാൻ എസ്.പി. ശ്രീജിത്തിനൊപ്പം കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു.സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയിൽ ചെയ്യുന്ന പോലെ ആക്ഷൻ ചെയ്യാൻ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. പി. ശ്രീജിത്ത് പറഞ്ഞു.

പോലീസ് കഥകളുമായി സിനിമക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതിൽ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷേ കണ്ണൂർ സ്‌ക്വാഡ് പോലീസുകാർക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും പി. ശ്രീജിത്ത് പറഞ്ഞു.മമ്മൂക്കയുടെ പോലീസ് വേഷത്തിലെ അഭിനയത്തെ വാനോളം പ്രശംസിച്ച സ്‌ക്വാഡ് അംഗങ്ങൾ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും പ്രശംസിച്ചു.

ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടർ റോബി ഡേവിഡ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫർ റാഹിൽ, നടന്മാരായ ശബരീഷ്,റോണി, ദീപക് പറമ്പൊൾ, ധ്രുവൻ, ഷെബിൻ തുടങ്ങിയവരും തിയേറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് ആയി കണ്ണൂർ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററിൽ ഉണ്ടായിരുന്നു.റിലീസ് ചെയ്ത് നാലാം ദിവസവും കേരളമെമ്പാടും നിറഞ്ഞ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് കണ്ണൂർ സ്‌ക്വാഡ്. തിമിർത്തു പെയ്യുന്ന മഴയെ അവഗണിച്ചാണ് തിയേറ്ററിലേക്ക് പ്രേക്ഷകർ കണ്ണൂർ സ്‌ക്വാഡ് കാണാനെത്തുന്നത്.

മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.