ലോക് സഭാ തെരഞ്ഞെടുപ്പ്.കോട്ടയം സീറ്റ് കൂടാതെ ഒരു സീറ്റിന് കൂടി യോഗ്യതയുണ്ടെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് സിപിഎമ്മും എൽഡിഎഫും ഔദ്യോഗികമായി കടന്നിട്ടില്ലെങ്കിലും കോട്ടയം സീറ്റ് കൂടാതെ കേരളാ കോൺഗ്രസ് എമ്മിന് ഒരു സീറ്റിന് കൂടി യോഗ്യതയുണ്ടെന്ന് ജോസ് കെ മാണി.പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ഇടതുമുന്നണിയിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി വിഭാഗം.

വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലഭിക്കാൻ കേരള കോൺഗ്രസ് എമ്മിന് യോഗ്യതയുണ്ടെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങളുമായി സംസാരിക്കെവെ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർട്ടി ഹൈപ്പവർ കമ്മിറ്റി യോഗത്തിൽ സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി അധികമായി വേണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കാൻ തീരുമാനമായി.

സിറ്റിങ് സീറ്റായ കോട്ടയം ഇത്തവണ കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ സിപിഎം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഉറപ്പും നൽകി. അങ്ങനെയെങ്കിൽ തോമസ് ചാഴിക്കാടന് തന്നെയാണ് സാധ്യത.സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെയും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലും മണ്ഡലത്തിൽ എംപി ഫണ്ട് ചെലവഴിച്ചവരിൽ ഒന്നാമൻ എന്ന് വ്യക്തമാക്കുന്ന തോമസ് ചാഴിക്കാടൻ്റെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.

കേരളാ കോൺഗ്രസ് എം മുന്നണി മാറിയതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച ചാഴിക്കാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രത്യേകതയുമുണ്ട്.കോട്ടയത്തിന് പുറമേ പത്തനംതിട്ട, ചാലക്കുടി, വടകര സീറ്റുകളിൽ ഒന്നാണ് കേരളാ കോൺഗ്രസ് അധികമായി ലക്ഷ്യമിടുന്നത്. ലോക്സഭാ മണ്ഡല പരിധിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് എംഎൽഎമാർ ഉണ്ടെന്നതും ക്രൈസ്തവ വോട്ടുകൾ ധാരാളമുള്ള മണ്ഡലങ്ങൾ എന്നീ നിലയിലുമാണ് ഈ സീറ്റുകളിലൊന്ന് അധികായി ആവശ്യപ്പെടാൻ കേരളാ കോൺഗ്രസ് എമ്മിനെ പ്രേരിപ്പിക്കുന്നത്.

ക്രൈസ്തവ വോട്ടുകൾ ധാരാളമുള്ള മണ്ഡലമാണ് ചാലക്കുടി. പാർട്ടി സംസ്ഥാന ഭാരവാഹികളിലെ പ്രധാനിയും മലബാറിൽ നിന്നുള്ള പ്രമുഖനുമായ മുഹമ്മദ് ഇക്ബാലിനെയാണ് വടകര സീറ്റിൽ ജോസ് കെ മാണി വിഭാഗം പരിഗണിക്കുന്നത്.