തൃശൂർ നഗരത്തിലെ ഹോട്ടല്‍ മുറി പരിശോധനയില്‍വൻ മയക്കുമരുന്ന് വേട്ട

തൃശൂർ: തൃശ്ശൂരില്‍ എക്സെെസിന്‍റെ വന്‍ മയക്കുമരുന്ന് വേട്ട. നഗരത്തിലെ ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 56.65 ഗ്രാം മാരക മരുന്നായ എംഡിഎംഎ  പിടികൂടി.നേരത്തെ എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

ടൂറിസ്റ്റ് കേന്ദ്രം ലക്ഷ്യമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തി വന്ന തൃശ്ശൂർ വെങ്ങിണിശ്ശേരി സ്വദേശി ശരത്ത്, അമ്മാടം സ്വദേശി ഡിനോയും എക്സൈസ് സംഘം എത്തിയപ്പോഴേക്കും കടന്നു കളഞ്ഞു. തൃശ്ശൂര്‍ കൂർക്കഞ്ചേരി ഭാഗത്തുവെച്ചു എംഡിഎംയുമായി എക്സെെസ് അറസ്റ്റ് ചെയ്ത കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശരത്തും, ഡിനോയും നഗരത്തിലെ ഹോട്ടലില്‍ കാലങ്ങളായി മുറിയെടുത്ത് ആവശ്യക്കാർക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന്ലഭിച്ചത്.

എക്സെെസ് എത്തുമെന്ന വിവരം അറിഞ്ഞ പ്രതികള്‍ മുറിപൂട്ടി കടന്നുകളഞ്ഞു. മുറിയില്‍ നടത്തിയ പരിശോധനയില്‍ 56.65 ഗ്രാം MDMA യും, ചില്ലറ വില്പനയ്ക്കായി ഉപയോഗിച്ച വെയിംഗ് മെഷീൻ, മൂന്നു ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ചില്ലു ഗ്ലാസ്സ്, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ, MDMA സുക്ഷിച്ചിരുന്ന ലതർ ബാഗ് എന്നിവ സംഘം കണ്ടെടുത്തു. മയക്കു മരുന്നുകള്‍ കച്ചവടം നടത്തിയതിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയും മുറിയില്‍ നിന്നും ലഭിച്ചു. പ്രതികളെ തിരഞ്ഞു പോലീസ് അന്വേഷണം വ്യാപിപ്പിച്ചു