ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ ശക്തമായ ഭൂചലനം.ഉച്ചയ്ക്ക് 2.25ന് ഉണ്ടായ ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51 ന് അനുഭവപ്പെട്ട രണ്ടാമത്തെ ചലനം 6.2 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ആളുകൾ പുറത്തേക്കോടി.

നേപ്പാളിലെ ഭത്തേകോലയാണ് പ്രഭവകേന്ദ്രം. ചൊവ്വാഴ്ച ഉച്ചയ്ക്ക് നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനമാണ് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യയിലെ പലയിടത്തും അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി.

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 200 കിലോമീറ്റർ തെക്കുകിഴക്കും ലഖ്‌നൗവിൽ നിന്ന് 280 കിലോമീറ്റർ വടക്കുമുള്ള പ്രദേശത്ത് അരമണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ആദ്യത്തേത് ഉച്ചയ്ക്ക് 2.25 നും മറ്റൊന്ന് 2.51 നും.എട്ട് വര്‍ഷത്തിനിടെ നേപ്പാളില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.