20,000 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള ആണവായുധ മിസൈൽ പരീക്ഷിച്ച് റഷ്യ

മോസ്കോ: ലോകത്തെ ഏറ്റവും കരുത്തുള്ളതും വേഗതയേറിയതുമെന്ന് അവകാശപ്പെടുന്ന ബ്യൂറെവെസ്റ്റ്നിക് എന്ന ‘സ്കൈഫാൾ’ മിസൈൽ വിജയകരമായി പരീക്ഷിച്ചു റഷ്യ.യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളുടെ എതിർപ്പ് തുടരുന്നതിനിടെയാണ് പുതിയ ആണവ മിസൈൽ പരീക്ഷണം. ആണവോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ മിസൈൽ 20,000 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ളതാണെന്ന് ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് റിപ്പോർട്ട് ചെയ്തു.

റഷ്യക്കെതിരെ ആണവായുധം ഉപയോഗിക്കാൻ ആർക്കുമാകില്ലെന്നും അങ്ങനെ സംഭവിച്ചാൽ ഒരു ശത്രുവിനും റഷ്യൻ തിരിച്ചടി അതിജീവിക്കാനാകില്ലെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.റഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അമേരിക്കയെ ലക്ഷ്യമിടാൻ മിസൈലിന് സാധിക്കും. 50 മുതൽ 100 മീറ്റർവരെ താഴ്ന്നു പറക്കാൻ ശേഷിയുള്ള മിസൈലിന് എതിരാളുകളുടെ റഡാറുകളിൽ പെടാതെ ലക്ഷ്യസ്ഥാനത്തെത്താനാകും.

മറ്റ് മിസൈലുകളേക്കാൾ കൂടുതൽ സമയം ഉയരത്തിൽ സഞ്ചരിക്കാനും അതിവേഗം കൂടുതൽ ദൂരം സഞ്ചരിക്കാനും ബ്യൂറെവെസ്‌റ്റ്നിക്കിന് ശേഷിയുണ്ട്. പുതിയ തലമുറയിലെ ആണവായുധങ്ങൾ വഹിക്കാൻ സാധിക്കുന്നതിനൊപ്പം പരമ്പരാഗത ആയുധങ്ങളും എതിരാളികൾക്ക് മേൽ ഉപയോഗിക്കാനാകും. 2018ൽ പുടിൻ പരാമർശം നടത്തിയ ‘സ്കൈഫാൾ’ മിസൈലിൻ്റെ പരീക്ഷണമാണ് ഇപ്പോൾ വിജയകരമായി റഷ്യ പരീക്ഷിച്ചത്.മിസൈൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ റഷ്യ തയ്യാറായിട്ടില്ല.