ഭർത്താവുമായി ഫോണിൽ വീഡിയോകോൾ ചെയ്യുന്നതിനിടെ മലയാളി യുവതിക്ക് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റു

ടെൽ അവീവ്: പാലസ്തീൻ സായുധ സേനയായ ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്.വടക്കൻ ഇസ്രായേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന പരിക്കേറ്റ ഷീജ ആനന്ദിനെ ടെൽ അവീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ബന്ധുക്കൾ  പറഞ്ഞു.

41 കാരിയായ ഷീജ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഭർത്താവുമായി ഫോണിൽ വീഡിയോകോൾ ചെയ്ത സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞ ഷീജയുടെ ഫോൺ ഉടനെ കട്ടാകുകയും തുടർന്ന് ഇവരെ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.കാലിനും കൈക്കും പരിക്കേറ്റ ഷീജ ശസ്ത്രക്രിയക്ക് ശേഷം ടെൽ അവീവ് ആശുപത്രിയിലാണുള്ളത്.

ഏഴുവർഷമായി ദക്ഷിണ ഇസ്രയേലിലെ അഷ്കിലോണിൽ ജോലി ചെയ്തുവരികയാണ് ഷീജ. ആക്രമണത്തിൽ 1,000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.