ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കാൻ സാധ്യമായതെല്ലാം വേഗം ചെയ്യണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ജോസ് കെ മാണി

തിരുവനന്തപുരം: ഇസ്രായേലിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കാൻ സാധ്യമായതെല്ലാം വേഗം ചെയ്യണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ജോസ് കെ മാണി ആവശ്യപ്പെട്ടു.ആതുരസേവനരംഗത്ത് മലയാളി നഴ്സുമാരും കെയർഗീവർമാരും ഉൾപ്പെടെയുള്ള നിരവധിയാളുകൾ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. ഇവരുടെ സംരക്ഷണത്തിൻ്റെ കാര്യത്തിൽ നാട്ടിലുള്ള ഇവരുടെ ഉറ്റ ബന്ധുക്കൾ ആശങ്കയിലാണെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.

ബന്ധുക്കൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യയിലും ഇസ്രായേലിലെ ഇന്ത്യൻ സമൂഹത്തിനുമായി ഇന്ത്യൻ എംബസിയോട് അനുബന്ധിച്ച് പ്രത്യേക ഹെൽപ് ലൈനുകൾ ആരംഭിക്കണം. അതുവഴി നേരിട്ട് സഹായം അഭ്യർഥിക്കാനും വിവരങ്ങൾ ലഭിക്കാനും വഴിയൊരുങ്ങും.രാജ്യാന്തര ഏജൻസികളെ സഹകരിപ്പിച്ച് ഇസ്രായേലിൽ സമാധാനം മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ മുൻകൈയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ വ്യാമാക്രമണം തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3,000 കടന്നു. ആയിരക്കണക്കിനാളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.  മരണസംഖ്യ ഉയരാനുള്ള സാധ്യതയാണുള്ളത്. കര – വ്യോമ ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്. യുദ്ധം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.