പത്തനംതിട്ട: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് അടൂർ ഫസ്റ്റ് ട്രാക്ക് ആൻഡ് സ്പെഷ്യൽ കോടതി നൂറ് വർഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.രണ്ടാം ക്ലാസിലെ ഗാന്ധിജിയെ കുറിച്ചുള്ള ഭാഗമാണ് സംഭവം പുറത്തുവരാൻ കാരണം.രണ്ടാം ക്ലാസ് പാഠഭാഗത്തിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞു കൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറഞ്ഞത്.
രക്ഷിതാക്കൾ അടൂർ പൊലീസിൽ പരാതി നൽകുകയതിനെ തുടർന്ന് പ്രതി പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദി(32)നെയാണ് കോടതി ശിക്ഷിച്ചത്.പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരി എട്ടുവയസുകാരിയേയും പ്രതി പീഡിപ്പിച്ചിരുന്നു.കേസിൽ എട്ട് വയസ്സുകാരിയായ മൂത്ത കുട്ടിദൃക്‌സാക്ഷിയാണ്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 4 (2), 3(a) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4(2), 3(d) അനുസരിച്ച് 20 വർഷവും 50,000 രൂപയും പോക്സോ 6, 5(l) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും 6, 5(m) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും 6, 5(n) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. അഞ്ചു വകുപ്പുകളിലായി 100 വര്‍ഷത്തെ ശിക്ഷയാണ് വരുന്നതെങ്കിലും 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി.
കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം.രണ്ടു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇയാളുടെ അടുത്ത ബന്ധുവായ രാജമ്മയാണ് രണ്ടാം പ്രതി. രാജമ്മയെ കോടതി താക്കീതു നല്‍കി വിട്ടയച്ചു.മൂന്നരവയസുകാരിയുടെ സഹോദരി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി വിചാരണ നേരിടുകയാണ്.
മൂന്നര വയസുകാരി പീഡനത്തിന് ഇരയായത് 2021 ഡിസംബർ 18 നാണ്.അടൂർ സി.ഐ ടി.ഡി. പ്രജിഷ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ അഞ്ച് വകുപ്പുകളിലായി ജഡ്ജി എ സമീറാണ് വിധി പ്രഖ്യാപിച്ചത്.