IFFK യിൽ കേരളം ആദരിച്ച അന്താരാഷ്ട്ര പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനും ഭാര്യയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ

ടെഹ്റാൻ :  IFFK യിൽ കേരളം ആദരിച്ചപ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹര്‍ജുയിയും ഭാര്യയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് വസതി.ശനിയാഴ്ച്ച രാത്രി മാതാപിതാക്കളെ സന്ദർശിക്കാനായി സംവിധായകന്റെ മകൾ മോണ മെഹർജുയി വീട്ടിലെത്തിയപ്പോഴാണ് മാതാ പിതാക്കൾ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2015 കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് അർഹനായിരുന്നു. ചലച്ചിത്രമേളയുടെ ഇക്കൊല്ലത്ത ആജീവനാന്ത നേ’ട്ടത്തിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മെഹര്‍ജുയിക്ക് വെള്ളിയാഴ്ച പുരസ്‌കാരം സമ്മാനിക്കാനിരിക്കയായിരുന്നു .

1960 കളിൽ കാലിഫോർണിയ സർവകലാശാലയിൽ നിന്നും സിനിമ പഠിച്ചതിനു ശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്. റിയലിസം, പ്രതീകാത്മകത, വൈകാരികത,സൂക്ഷ്മബോധം തുടങ്ങിയവ കലാമൂല്യത്തിനൊപ്പം ഇറാനിയൻ സിനിമയിൽ സന്നിവേശിപ്പിച്ച ചലച്ചിത്രകാരനായിരുന്നു മെഹർജുയി.ഇറാനിലും പുറത്തുള്ളതുമായ സാഹിത്യത്തിൽ നിന്നും നോവലുകളിൽ നിന്നും നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകൾക്കും തിരക്കഥ ഒരുങ്ങിയത്

കൊല്ലപ്പെടുന്നതിന് ആഴ്ച്ചകൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ തങ്ങൾക്ക് ഭീഷണിയുള്ളതായി ദാരിയുഷ് മെഹര്‍ജുയിയുടെ ഭാര്യ വഹിദ് മുഹമ്മദിഫർ പൊലീസിൽ പരാതി നൽകിയിരുന്നു.കൊലപാതകത്തിനു പിന്നിലെ കാരണം എന്താണ് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രണ്ടു പേരുടേയും കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു.