ശാന്തിക്കാരന് 111 വർഷം തടവ്, പൂജ പഠിക്കാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

ആലപ്പുഴ: പൂജ പഠിക്കാനെത്തിയ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശാന്തിക്കാരന് 111 വർഷം തടവും  6.25 ലക്ഷം രൂപ പിഴയും. ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ച രാജേഷ് (42) ചേർത്തല തുറവൂർ പാണാവള്ളി പൂച്ചാക്കൽ വൈറ്റിലശേരി സ്വദേശിയാണ്.

മണപ്പുറത്തിനടുത്തെ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു രാജേഷ്‌. പൂജാവിധി പഠിക്കാനെത്തിയ കുട്ടിയെ ശാന്തിമഠത്തിൽവച്ച് രാത്രി ലൈംഗികാതിക്രമത്തിന്‌ ഇരയാക്കുകയായിരുന്നു.2020 ഡിസംബർ 30-ന് പൂച്ചാക്കൽ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി. പുലർച്ചെയുള്ള പൂജയ്‌ക്ക്‌ സഹായിക്കാനെന്ന വ്യാജേന കുട്ടിയുടെ അച്ഛന്റെ അനുവാദത്തോടെ പത്തുവയസുകാരനെയും ആറ് വയസുള്ള മറ്റൊരു കുട്ടിയെയും രാത്രി ശാന്തിമഠത്തിൽ താമസിപ്പിച്ചു. രാത്രിയിൽ നഗ്നനായി എത്തി രാജേഷ് ഉറങ്ങിക്കിടന്ന പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഉറക്കമുണർന്ന കുട്ടി എതിർത്തതോടെ പ്രതി കുട്ടിയുടെ നെഞ്ചിനടിക്കുകയും ചുണ്ടിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു.ഒപ്പമുണ്ടായിരുന്ന ആറുവയസുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താനെത്തിയ അച്ഛനാണ്‌ കരഞ്ഞുകൊണ്ടിരുന്ന പത്തുവയസുകാരനെ കണ്ടത്‌.പ്രോസിക്യൂഷൻ ഹാജരാക്കിയ 23 സാക്ഷികളെയും വിസ്‌തരിച്ചു. കേസിൽ ഏറെ നിർണായകമായത് ആറുവയസുകാരന്റെ മൊഴിയായിരുന്നു. രജിസ്‌റ്റർ ചെയ്‌ത്‌ എട്ട്‌ ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി സ്ഥാപിച്ചശേഷം വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.പിഴത്തുക ഇരയായ കുട്ടിക്ക്‌ നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ആറുവർഷം കൂടി കഠിനതടവ് അനുഭവിക്കണം.