തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും ശ്രീലങ്കയിൽ നിന്നും കൊണ്ടു വന്ന 5 കിലോ സ്വർണം പിടികൂടി. 10 ശ്രീലങ്കൻ വനിതകളും 3 ശ്രീലങ്കൻ യുവാക്കളും ഒരു തമിഴ്നാട്ടുകാരനുമടക്കം 14 പേർ അറസ്റ്റിലായിട്ടുണ്ട്.
പിടിയിലായ സ്ത്രീകൾ അടി വസ്ത്രങ്ങളിലും ഷൂകളിലും ജാക്കറ്റുകളിലുമാണ് സ്വർണം ഒളിപ്പിച്ചത്.തമിഴ്നാട്ടുകാരനായ മുഹമ്മദ് ഫൈസൽ ശരീരത്തിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.തിരുപ്പുരിലെ തുണി വ്യാപാരികളാണെന്ന് അവകാശപ്പെട്ടാണ് ഇവർ സ്വർണം കടത്തിയത്. ബാഗിലും ഷൂസിന്റെ അടിയിലുമായിട്ട് കടത്താൻ ശ്രമിച്ച സ്വർണ്ണത്തിന് 3.25 കോടി രൂപ മൂല്യം വരുന്നതാണെന്നും ഈ വർഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചതിൽ വച്ച് ഏറ്റവും വലിയ സ്വർണക്കടത്താണിതെന്നും അധിക്യതർ വ്യക്തമാക്കി.
ഡിആർഐയും എയർ പോർട്ട് അധികൃതരും ചേർന്നാണ് സംഘത്തെ പിടികൂടിയത്. രാവിലെ ശ്രീലങ്കൻ എയർലൈൻസിലെത്തിയ ഇവരെക്കുറിച്ച് ഡിആർഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.