കേരളത്തിലെ സ്‌കൂളുകൾ അഭിനന്ദനമർഹിക്കുന്നു,ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ അഭിനന്ദനമർഹിക്കുന്നുവെന്നും വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിൽ സംസ്ഥാനത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൺ. കേരളത്തിൽ താൻ സന്ദർശിച്ച ആദ്യ സ്‌കൂളിലെ ക്ലാസ് മുറികളെല്ലാം കുട്ടികളുടെ കലാസൃഷ്ടികളാൽ മനോഹരമാണ്. സൃഷ്ടിപരമായ കഴിവുകൾക്ക് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരുടെ രീതിയും ശ്രദ്ധേയമാണെന്നും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെത്തിയ ഫിൻലൻഡ് സംഘം തൈക്കാട് ഗവൺമെന്റ് എൽ.പി. സ്‌കൂളും വഴുതക്കാട് കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ചു.വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് സംഘത്തിന്റെ കേരള സന്ദർശനം.

കേരളം വിദ്യാഭ്യാസത്തിനു നൽകുന്ന പ്രധാന്യവും ഇവിടുത്തെ ബോധന സമ്പ്രദായവും അഭിനന്ദനാർഹമാണ്. കുട്ടിക്കാലം മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന രീതിയാണു ഫിൻലൻഡ് സ്വീകരിച്ചുവരുന്നത്. മൂല്യനിർണയത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഫിൻലൻഡിലെ വിദ്യാഭ്യാസ രീതി. താഴ്ന്ന ക്ലാസുകളിൽ മൂല്യനിർണയ സമ്പ്രദായം ഇല്ലാത്തതുകൊണ്ടുതന്നെ അധ്യാപകരെ പൂർണമായി വിശ്വസിച്ചാണ് അവിടുത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖല നിലനിൽക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും ഫീസില്ലാതെ പഠിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു വിദ്യാലയത്തിൽ താൻ സന്ദർശനത്തിനെത്തുന്നത്.ഏതൊരു രാജ്യത്തിന്റെയും ഭാവിയുടെ നിർണായക ഭാഗമാണ് അവിടുത്തെ അധ്യാപകർ. മികച്ച അധ്യാപകരാണു മികച്ച തലമുറയെ സൃഷ്ടിക്കുന്നത്.   അധ്യാപക പഠനത്തിന് എത്തിയിരിക്കുന്ന ബഹുഭൂരിപക്ഷം പേരും വനിതകളാണെന്നത് ഏറെ സന്തോഷകമരാണെന്നും കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി നടത്തിയ ആശയവിനിമയത്തിൽ അന്ന മജ പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെയും കുട്ടികളുടേയും ഭാഗമായി ജീവിക്കുകയെന്ന സുപ്രധാന ദൗത്യമാണ് അധ്യാപകർ നിർവഹിക്കുന്നത്. സാർവത്രിക വിദ്യാഭ്യാസം സൗജന്യമായിരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തേയും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി പ്രശംസിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.