വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ റെയില്‍പ്പാലമായ പാമ്പൻ പാലത്തിന്‍റെ പണി പൂർത്തിയാകുന്നു

രാമേശ്വരം: പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്‍റെ നിര്‍മാണം 92 ശതമാനം ജോലികളും പൂർത്തിയാതായി ദക്ഷിണ റെയിൽവേ.അപകടാവസ്ഥയിലായ പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.പുതിയപാലത്തിന്‍റെ നിര്‍മാണം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ദക്ഷിണറെയില്‍വേ അറിയിച്ചു.

ഇന്ത്യയില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലമാണിത് 72.5 മീറ്റര്‍ നീളമുള്ള നാവിഗേഷണല്‍ സ്പാന്‍ കപ്പല്‍വരുമ്പോള്‍ കുത്തനെ ഉയരും. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായി പാലത്തിന്‍റെ ഒരുഭാഗം ലംബമായി ഉയരുന്നതുകൊണ്ടാണ് ഇതിനെ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ പാലം എന്ന് വിളിക്കുന്നത്. നാവിഗേഷണല്‍ സ്പാന്‍ 17 മീറ്ററാണ് ഉയരുക.12.5 മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് പഴയ പാലത്തേക്കാള്‍ മൂന്നുമീറ്റര്‍ ഉയരം കൂടുതലുണ്ടാവും. പഴയ റെയിൽവേപാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിർമിക്കുന്നത്.

ശ്രീലങ്കയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനായി 1914ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് 6,700 അടി ഉയരമുള്ള പഴയ പാലം.1964ൽ ഉണ്ടായ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയിൽപെട്ട് പാസഞ്ചർ ട്രെയിൽ കടലിലേക്ക് മറിഞ്ഞിരുന്നു. 115 യാത്രക്കാരാണ് അന്ന് മരിച്ചത്. കൊടുങ്കാറ്റില്‍ പാലത്തിന്‍റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും മധ്യഭാഗത്തിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് നിലനിര്‍ത്തിക്കൊണ്ടു തന്നെ പാലം പുതുക്കിപ്പണിയുകയാണ് പിന്നീട് ചെയ്തത്.