ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ടു മലയാളികൾ മരിച്ചു, 2 പേരുടെ നില ഗുരുതരം

ദുബൈ: ദുബൈ കരാമയിലെ ഫ്ലാറ്റിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്ന മലപ്പുറം തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല, ചികിത്സയിലായിരുന്ന തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) എന്നിവർ മരിച്ചു . പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.

കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിൽ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒരു ഫ്ലാറ്റിലെ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്.രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ വിഴുങ്ങുകയായിരുന്നു. ബാത്‌റൂമിലായിരുന്ന രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.

അപകടത്തില്‍ പരിക്കേറ്റവരെ ദുബൈയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഷാനില്‍, നഹീല്‍ എന്നിവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിലവിൽ ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്തുള്ള ഫ്ളാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായിട്ട് റിപ്പോർട്ടുണ്ട്.സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ നിധിന്‍ ദാസിന് ഏറെ പരിശ്രമത്തിനൊടുവില്‍ ഒരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു.