ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിനെ 5 വിക്കറ്റിന് തകർത്തു ശ്രീലങ്ക

ന്യൂഡൽഹി : ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക.91 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സദീര സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയം എളുപ്പമാക്കിയത്.നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സെന്ന വിജയലക്ഷ്യം 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു.നാല് വിക്കറ്റ് വീതം വീഴ്ത്തിയ ദില്‍ഷന്‍ മധുഷങ്കയും കസുന്‍ രജിതയും ലങ്കയ്ക്കായി ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

107 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ അകമ്പടിയോടെ സദീര 91 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് ഒരു ഘട്ടത്തില്‍ 91 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയിലായിരുന്നു. തുടർന്ന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് – ലോഗന്‍ വാന്‍ ബീക് സഖ്യം 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.

നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. 52 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കുശാല്‍ പെരേരയും കുശാല്‍ മെന്‍ഡിസും പുറത്തായി. എന്നാല്‍ മൂന്നാം വിക്കറ്റിലൊന്നിച്ച നിസ്സങ്കയും സദീരയും 77 റണ്‍സ് എടുത്ത് ശ്രീലങ്കയെ കരകയറ്റി.അഞ്ചാമനായി വന്ന ചരിത് അസലങ്ക സദീരയ്ക്ക് പിന്തുണ നല്‍കിയതോടെ ശ്രീലങ്ക വിജയപ്രതീക്ഷ നിലനിര്‍ത്തി. താരം 44 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന ധഞ്ജയ ഡി സില്‍വയെ കൂട്ടുപിടിച്ച് സദീര ടീമിനെ വിജയത്തിലേക്ക് നയിച്ചു.