നീതിക്ക് വേണ്ടി സിംഗിൾ മതർ പോരാട്ടം,ബിജെപി വഞ്ചിച്ചു,25 വർഷത്തെ ബന്ധം ഉപേക്ഷിച്ചു.നടി ​ഗൗതമി

ചെന്നൈ: എൻഡിഎ സഖ്യത്തിൽ നിന്നും എഐഎഡിഎംകെ മാറിയതിന് ആഴ്ചകൾക്കുള്ളിൽ ബിജെപിക്ക് തിരിച്ചടിയായി നടി ​ഗൗതമിയുടെ രാജി. മുതിർന്ന നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് 25 വർഷത്തെ ബിജെപി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് നടി പുറത്തിറക്കിയ വാർ‌ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.

തൻ്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാർട്ടി നേതാക്കൾ സംരക്ഷിക്കുന്നു.20 വർഷം മുൻപ് തന്റെ വസ്തുക്കൾ കൈകാര്യം ചെയ്യാൻ ഏൽപിച്ച ബിജെപി മുതിർന്ന നേതാവ് അഴകപ്പൻ തന്നെ വഞ്ചിച്ചു.തന്റെ ഭൂമി വിൽക്കാൻ വിശ്വസിച്ച് അയാളെ ഏൽപ്പിച്ചിരുന്നു. എന്നാൽ അയാൾ വഞ്ചിച്ചതായി അടുത്തിടെയാണ് കണ്ടെത്തിയത്. തന്നേയും മകളെയും അയാളുടെ കുടുംബത്തിന്റെ ഭാഗമായി നടിച്ചാണ് വഞ്ചിച്ചത്.ഇതിനെതിരെ താൻ വലിയ നിയമപോരാട്ടം തന്നെ നടത്തുകയും എന്നാൽ, സ്വന്തം പാർട്ടിയുടെ പിന്തുണ തനിക്കില്ലെന്നും മറിച്ച് ചില മുതിർന്ന നേതാക്കൾ അഴകപ്പനെ സഹായിക്കുന്ന നടപടികൾ സ്വീകരിച്ചതായും ഗൗതമി ആരോപിച്ചു.

തന്റെ പരാതിയിൽ എഫ്‌ഐആർ ഫയൽ ചെയ്തതിന് ശേഷവും കഴിഞ്ഞ 40 ദിവസമായി ബിജെപിയിലെ നിരവധി മുതിർന്ന അംഗങ്ങൾ അഴഗപ്പനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തന്റെ മകളുടെ ഭാവിക്ക് വേണ്ടിയും നീതിക്ക് വേണ്ടിയും ഒറ്റയ്ക്കായ ഒരു സ്ത്രീ സിംഗിൾ മതർ എന്ന നിലയിലുമാണ് താൻ പോരാട്ടം നടത്തുന്നത്.തനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയിലും പോലീസിലും രാജ്യത്തെ നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്നും ഗൗതമി കത്തിൽ പറയുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി തനിക്ക് രാജപാളയം മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു.അവസാനനിമിഷം വാക്കുമാറ്റിയിട്ടും ഈ പ്രശ്നങ്ങളും വകവയ്ക്കാതെ പാർട്ടിക്കായുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി.പാർട്ടിയുടെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുനതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോയിരുന്നു.1998ൽ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്ത ഗൗതമി ആ ബന്ധം ഉപേക്ഷിച്ച ശേഷം കമൽഹാസനൊപ്പമായിരുന്നു താമസിച്ചിരുന്നത്.കമൽഹാസനുമായി പിരിഞ്ഞതിന് ശേഷം സന്ദീപ് ഭാട്ടിയയിലുള്ള മകൾ സുബ്ബലക്ഷ്മിക്കൊപ്പമാണ് ഗൗതമിയുടെ താമസം.