കൊച്ചി: നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം വെച്ചതിന്റെ പേരിലാണ് അറസ്റ്റ്.ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തി. ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്.
കുടുംബപ്രശ്നത്തെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ വിനായകൻ സ്റ്റേഷൻ പരിസരത്ത് വെച്ച് സിഗരറ്റ് വലിക്കുകയും ഇതെ തുടർന്ന് പോലീസ് വിനായകന് പെറ്റി എഴുതി നൽകുകയും ചെയ്തു.തന്റെ വീട്ടിൽ മഫ്‌തിയിൽ ഒരു വനിത പോലീസ് എത്തിയെന്നും അവർ ആരാണെന്നും തനിക്കറയണമെന്നും പറഞ്ഞുകൊണ്ടാണ് നടൻ സ്റ്റേഷനുള്ളിൽ ബഹളം വെച്ചത്. ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പോലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.
പോലീസുകാർക്ക് നേരെ നടൻ അസഭ്യവർഷം നടത്തുകയും ഇത് സ്റ്റേഷന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും വിധം മാറിയതോടെയാണ് നോർത്ത് പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം നടനെ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടനെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചാർത്തിയിരിക്കുമന്നത്.