സെക്കൻഹാൻഡ്‌ കാറുകൾ വിലക്കുറവിൽ ഇനി ഡൽഹിയിൽ നിന്ന് വാങ്ങാമെന്ന മോഹം വേണ്ട

ന്യൂഡൽഹി: മലിനീകരണ തോത് ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ കാറുകളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകളും നിരോധിച്ചിരുന്നു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്കുമുള്ള നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണമുയര്‍ത്തി അഭിഭാഷകനായ മുകേഷ് കുല്‍ത്തിയ ഗുഡ്ഗാവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തു.ഹരിയാനയിലെ ഗതാഗത സെക്രട്ടറി നവദീപ് സിംഗ് വിര്‍ക്ക്, ഗതാഗത മന്ത്രാലയത്തിലെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

തനിക്ക് പിന്നില്‍ ആരും തന്നെയില്ലെന്നും ആരെയും പ്രതിനിധീകരിക്കുന്നില്ലെന്നും ഈ നിയമം മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന ഒരു പൗരന്‍ എന്ന നിലയിലാണ് ഈ കേസ് ഫയല്‍ ചെയ്തതെന്നും അഭിഭാഷകനായ മുകേഷ് കുല്‍ത്തിയ പറയുന്നു.ഈ നിയമം നിലവിലില്ലെന്നും ഇത് ഉദ്യോഗസ്ഥര്‍ നടത്തുന്ന വിപുലമായ അഴിമതിയാണെന്നുമാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്.ഇന്നും ഡീസല്‍ കാറുകള്‍ക്കും പെട്രോള്‍ കാറുകള്‍ക്കും 15 വര്‍ഷത്തേക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുകയും അതനുസരിച്ച് റോഡ് നികുതി ഈടാക്കുകയും ചെയ്യുന്നുവെന്നും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്ക് എന്നിവ നിരോധിക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ തെറ്റായി ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും കുല്‍ത്തിയ വാദിച്ചു.

2019, 2021, 2023 വര്‍ഷങ്ങളിലെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ പ്രകാരം ഡീസല്‍, പെട്രോള്‍ കാറുകളുടെ ആയുസ് 15 വര്‍ഷമാണ്.ഈ കാലയളവ് അവസാനിച്ചാല്‍ 5 വര്‍ഷത്തേക്ക് കൂടി പുതുക്കാന്‍ സാധിക്കും. 10 വര്‍ഷത്തെ ആയുസ് പൂര്‍ത്തിയാക്കിയതുകൊണ്ട് മാത്രം ഡീസല്‍ കാര്‍ പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ നിരോധിക്കാനോ കഴിയില്ലെന്നും നിരോധനം പൊതുജനങ്ങളെയും അഭിഭാഷകരെയും അടിച്ചമര്‍ത്തിക്കൊണ്ട് മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ലംഘനമാണെന്നും ഹർജിക്കാരന്‍ വാദിക്കുന്നു.

സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്.മേഖലയിലുടനീളമുള്ള കാര്‍ ഉടമകളെയും വാഹനപ്രേമികളെയും ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് അഭിഭാഷകനായ കുല്‍ത്തിയ.പഴയ വാഹനങ്ങള്‍ നിരോധിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികളുടെ സുതാര്യതയും നിയമസാധുതയും, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ വെളിപ്പെടുത്താത്ത ഉദ്ദേശ്യങ്ങളും ഈ ഹർജി വഴി ചോദ്യം ചെയ്യപ്പെടുന്നു.

കേന്ദ്ര സര്‍ക്കാര്‍ 2021-ല്‍ വാഹന സ്‌ക്രാപ്പേജ് നയം ലോക്സഭയില്‍ പ്രഖ്യാപിച്ചതാണ്.പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും വാഹന വിപണിക്ക് പുത്തന്‍ ഉണര്‍വേകുകയും ചെയ്യുന്നതിനായി  ഈ നയം നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുകയാണ്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള സ്വമേധയാ പൊളിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. 2024 ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്.