28-ാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ,മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം: ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.ഏഷ്യൻ രാജ്യങ്ങളുടെ കായിക കരുത്തിന് മാറ്റുരക്കുന്ന മൗണ്ടൻ സൈക്ലിങ് ആഘോഷം 26ന് പൊന്മുടിയിൽ ആരംഭിക്കും.

നാളെ രാവിലെ പൊന്മുടിയിലെ ചാമ്പ്യൻഷിപ് വേദിയിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കലാസാംസ്കാരിക പരിപാടികളോടെ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

ചൈന, പാക്കിസ്ഥാൻ, ജപ്പാൻ, കൊറിയ, ഇന്തോനേഷ്യ, തായ്‌ലാൻഡ്‌, കസാക്കിസ്ഥാൻ, ചൈനീസ് തായ്‌പേയ്, ഫിലിപ്പൈൻസ്, ഹോങ്കോങ്, മംഗോളിയ, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്‌നാം, ഇറാൻ, മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരുമടങ്ങുന്ന 31 അംഗ ടീമിനെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ അണിനിരത്തുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഇത്രയധികം രാജ്യങ്ങളും ഇത്രയധികം റൈഡർമാരും പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മിക്ക ടീമുകളും തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. എലൈറ്റ് വിഭാഗം മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 2024ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും എന്നതാണ് ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും വലിയ പ്രാധാന്യം.ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള റഫറിമാർക്കുള്ള എലൈറ്റ് നാഷണൽ പരിശീലന പരിപാടി ആദ്യമായാണ് ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്.

28-ാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിനൊപ്പം 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പും പൊന്മുടിയിലെ വേദിയിൽ നടക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് 29ന് സമാപിച്ചതിനു ശേഷം ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷന്റെ മാനേജിങ് കമ്മറ്റി മീറ്റിങ്ങിനും തിരുവനന്തപുരത്ത് നടക്കും.

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും. മന്ത്രിമാരായ പി.എ. മുഹമ്മദ്‌ റിയാസ്, ജി.ആർ. അനിൽ, ആന്റണി രാജു, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, ഡി.കെ മുരളി എം.എൽ.എ, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ദർപാൽ സിങ് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാർ, കേരള സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി ബി.ജയപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.