സ്വവർഗ്ഗ വിവാഹങ്ങൾക്ക് ഇടം നൽകാൻ സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകളെ ഇല്ലാതാക്കുന്നത് രോഗത്തെക്കാൾ മാരകം,ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്

ന്യൂഡൽഹി : സ്വവർഗ്ഗ വിവാഹങ്ങൾക്ക് ഇടം കിട്ടുന്നതിനായി സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകളെ ഇല്ലാതാക്കുന്നത് രോഗത്തെക്കാൾ മാരകമായ കുറിപ്പടിയായി മാറുമായിരുന്നു.സ്വവർഗ്ഗ വിവാഹങ്ങൾക്കു വേണ്ടി പുതിയൊരു നിയമവ്യവസ്ഥ രൂപപ്പെടുത്തേണ്ട ചുമതല പൂർണമായും പാർലമെന്റിന്റേതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്.

വാഷിങ്ടണിലെ ജോർജ് ടൌൺ യൂണിവേഴ്സിറ്റി ലോ സെന്ററും ഡൽഹിയിലെ സൊസൈറ്റി ഫോർ ഡെമോക്രാറ്റിക് റൈറ്റ്സും “ഇന്ത്യയുടെയും യുഎസ്സിന്റെയും സുപ്രീംകോടതികളിൽ നിന്നുള്ള കാഴ്ചപ്പാടുകൾ” എന്ന വിഷയത്തെ കുറിച്ച്‌ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പരസ്പരം വിവാഹം ചെയ്യാൻ അനുവദിക്കുന്ന നിയമസംവിധാനമാണ് സ്പെഷ്യൽ മാര്യേജ് ആക്ട്.അതിലെ പിഴവുകൾ താൻ കാണാതിരുന്നിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആണിനെയും പെണ്ണിനെയും മാത്രം വിവാഹം ചെയ്യാനനുവദിക്കുന്ന വ്യവസ്ഥകളാണ് അതിലുള്ളത്. എന്നാൽ, സ്പെഷ്യൽ മാര്യേജ് ആക്ട് റദ്ദ് ചെയ്ത് പുതിയ നിയമവ്യവസ്ഥയ്ക്കു വേണ്ടി കോടതി ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് നമ്മെ ബ്രിട്ടീഷുകാലത്തേക്കും പണ്ടേക്ക് കൊണ്ടുപോകുമായിരുന്നു. അഥവാ, വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവർക്ക് വിവാഹം ചെയ്യാന്‍ ഒരു നിയമമേ രാജ്യത്തില്ലാത്ത സ്ഥിതി വരുമായിരുന്നെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

സ്വവർഗ്ഗ വിവാഹ കേസിൽ ചീഫ് ജസ്റ്റിസിന്റെ വിധി ന്യൂനപക്ഷ വിധിയായി മാറിയ സന്ദർഭങ്ങൾ അപൂർവ്വമാണെങ്കിലും നേരത്തെയും സംഭവിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാടുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിവാഹം ചെയ്യാനുള്ള അവകാശമെന്ന പ്രശ്നം പാർലമെന്റിന്റെ പരിധിയിലാണ് വരുന്നത്. അതിനുമേല്‍ ജുഡീഷ്യൽ തീരുമാനങ്ങൾക്ക് ഇടമില്ല. പിന്തുടർച്ചാവകാശം തുടങ്ങിയ നിരവധി സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ് അതെച്ചുറ്റിപ്പറ്റി വരാനുള്ളത്. അവ ജുഡീഷ്യറിക്ക് നേരിടാവുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.