കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആറുപേർക്ക് കൂടി ആരോഗ്യപ്രശ്നങ്ങൾ

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി ഉയർന്ന കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആറുപേർക്ക് കൂടി ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.ജോലി സംബന്ധിച്ചു കാക്കനാട് വാടകക്ക് താമസിക്കുന്ന കോട്ടയം സ്വദേശിയായ രാഹുൽ ഇക്കഴിഞ്ഞ ബുധനാഴ്ച കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നും ഷവർമ പാഴ്സലായി വാങ്ങി കഴിച്ചതിനു പിന്നാലെ ആരോഗ്യസ്ഥിതി മോശമായിരുന്നു.തുടർന്ന് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങി.

24 വയസ് മാത്രമുള്ള രാഹുൽ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദയാഘാതം ഉണ്ടായെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്. അന്നുമുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നുവെന്നും ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചതെന്നും അധികൃതർ അറിയിച്ചിരുന്നു.ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി.

ലെ ഹയാത്ത് ഹോട്ടലിൽ നിന്നും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഷവർമ, അൽഫഹാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുള്ളത്. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഇവരിൽ നിന്നും പ്രാഥമിക വിവര ശേഖരണം നടത്തി